Saturday, 19 December 2020

ഓർമ്മകൾ


 "എന്തൊരു വരണ്ട കാലമായിരുന്നു! മൊബൈലും ഇന്റർനെറ്റും  ഇല്ല. കംപ്യുട്ടർ കണ്ടത്  പാഠപുസ്തകങ്ങളിൽ മാത്രം. 


സ്‌കൂളിൽ  പഠിക്കുമ്പോഴാണ്. എട്ടാം ക്ലാസിലാണെന്നാണ് ഓർമ്മ. ഒരുത്തൻ ഒരു കൊച്ചുപുസ്തകവുമായി ക്‌ളാസിൽ വന്നു. കൈമാറി, കൈമാറി ഡെസ്കിനടിയിൽ വെച്ച്  അത് വായിച്ച് കൊണ്ടിരിക്കുകയാണ്, എന്റെയടുത്തതൊന്നും  അത് എത്തിയില്ല. അതിനു മുമ്പ് ഒരു ചങ്ങാതി കരിങ്കാലിപ്പണി കാണിച്ചു. ക്ലാസിൽ ഒരാൾ അശ്ലീലപുസ്തകം കൊണ്ടു വന്നെന്നും അതിലെ  പറയാൻ പറ്റാത്ത ഒരു വാക്ക്  തന്റെ നേരെ അവൻ ഉപയോഗിച്ചെന്നും മാഷോട്  പരാതി പറഞ്ഞു.   


മാഷ് ഒരു വടിയും എടുത്ത് ക്ളാസിലേക്ക് വന്നു.  ആരാണ് പുസ്തകം കൊണ്ട് വന്ന ആൾ എന്ന് ചോദിച്ചു. പുസ്തകം ആരോ  മാഷിന് എടുത്ത് കൊടുത്തു. ആർക്കൊക്കെ ഇത് വായിക്കാൻ കിട്ടി എന്ന് മാഷ് ചോദിച്ചു. അപ്പോൾ പുസ്തകത്തിന്റെ ഉടമസ്ഥൻ,  പരാതിക്കാരൻ  കരിങ്കാലിയെ  ചൂണ്ടി പറഞ്ഞു - ഇവനാണ്  സാർ ആദ്യം വായിച്ചത്.


അപ്പോൾ പരാതിക്കാരനെ മാഷ്  എഴുന്നേൽപ്പിച്ച് നിർത്തി. അവനാകെ വിറച്ച് പോയി.  അവൻ വിറച്ച് കൊണ്ട് തന്നെ മാഷോട് പറഞ്ഞു - "അയ്യോ സാറേ... ഞാനിതു  വായിച്ചൊന്നുമില്ല. കൈയിൽ കിട്ടിയപ്പോൾ അതിലെ പടങ്ങള്  നോക്കിയെന്നേയുള്ളൂ. സത്യമായിട്ടും വായിച്ചിട്ടില്ല."


കൊണ്ട് വന്നവനും വായിച്ചവനും  പടം  നോക്കിയവനും എല്ലാം തല്ല് കിട്ടുമെന്നാണ് ഞങ്ങൾ കരുതിയത്. ഒരു ചൂരൽ വടി  മാഷിന്റെ കൈയിൽ കിടന്ന് വിറക്കുന്നുണ്ടായിരുന്നല്ലോ. പക്ഷെ മാഷ് അടിച്ചില്ല. പകരം അഞ്ചു മിനിറ്റ് പ്രഭാഷണം നടത്തി.  


"നമ്മൾ വായിക്കുന്നത് എന്തോ അത് നമ്മൾക്ക് പ്രചോദനം തരും. അങ്ങനെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരമുണ്ടായത്. വായിച്ചിട്ടാണ് അബ്രഹാം ലിങ്കൺ മഹാത്മായത്. അത് കൊണ്ട്  നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തത് വായിക്കണം. ഇനി ഇങ്ങനെയൊന്നും ചെയ്യരുത്." എന്നും പറഞ്ഞ് മാഷ്  പുസ്തകവുമായി  സ്റ്റാഫ് റൂമിലേക്ക് പോയി. ആ പുസ്തകത്തിനു എന്ത് പറ്റിയോ ആവോ ? 


ഇത് ഇപ്പോൾ ഓർക്കാൻ കാരണമെന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ, അങ്ങനെ പ്രത്യേക കാരണമൊന്നുമില്ല.  


എന്തോ, ഭരണഘടന കൈയിൽ കിട്ടിയിട്ട്  അതിൽ എന്താണ് എഴുതിയിരിക്കുന്നത്  എന്ന് വായിച്ച് നോക്കാതെ -വായിച്ചതിന്റെ ഒരു ലക്ഷണവുമില്ല-  അതിലെ പടങ്ങൾ  മാത്രം ഓർത്തിരിക്കുന്ന  ചില സുഹൃത്തുക്കളെ കണ്ടപ്പോൾ, ഓർത്തു പോയെന്നേയുള്ളൂ..."


No comments:

Post a Comment

                         ഈ ചിത്രം ഈ ലോകകപ്പിലെ ഏറ്റവും ചേതോഹരമായൊരു മുഹൂർത്തമാണ്. അവസാനപെനാൽറ്റി കിക്ക് എടുത്ത് വല കുലുക്കിയ ലൗട്ടാരോ മാർട്ട...